സിജോമോന്‍ എന്നല്ലാതെ, ഒരിയ്ക്കലും സിജോയെന്നു പോലും വിളിച്ചിട്ടില്ല !!! ഇത് ഒരു അപ്പന്റെ സ്‌നേഹം- കുറിപ്പ്

0

പറപ്പൂരിലേയും സമീപ പ്രദേശങ്ങളിലേയും ആളുകള്‍ക്ക് പരിചിതരാണ് അറയ്ക്കല്‍ ജോസേട്ടനും ജോസേട്ടന്റെ സിജോമോനും. ഒരച്ഛന്റെും മകന്റെയും സ്‌നേഹം അടുത്തറിഞ്ഞ ആരും അവരെ മറക്കില്ല. അപ്പന്റെ ‘ടാ’ യെന്ന വിളിയ്ക്കപ്പുറം ഒരു പക്ഷേ അവന്റെ സ്വന്തംപേരു പോലും, നാം വിളിക്കാന്‍ മറന്നു പോയ സിജോയ്ക്ക് പ്രായം മുപ്പത്തിയഞ്ചിലേറെയായി. ഇരുവരുടേയും സ്‌നേഹം ഇപ്പോള്‍ സോഷ്യല്മീഡിയയിലൂടെ വൈറലാകുകയാണ്.

കുറിപ്പ് വായിക്കാം: ഇതും #ഒരപ്പന്‍.. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലമായി, പറപ്പൂരിലേയും സമീപ പ്രദേശങ്ങളിലേയും ആളുകള്‍ക്ക് പരിചിതരാണ് അറയ്ക്കല്‍ ജോസേട്ടനും ജോസേട്ടന്റെ സിജോമോനും. കാഴ്ചകളിലെ സ്ഥൈര്യ ഭാവം അവരിരുവര്‍ക്കുമുണ്ടെങ്കിലും ആ അപ്പനേയും മകനേയും അടുത്തറിഞ്ഞിട്ടുള്ള അധികമാളുകള്‍ നാട്ടിലുണ്ടാകാനിടയില്ല. അപ്പന്റെ ‘ടാ’ യെന്ന വിളിയ്ക്കപ്പുറം ഒരു പക്ഷേ അവന്റെ സ്വന്തം പേരു പോലും, നാം വിളിക്കാന്‍ മറന്നു പോയ സിജോയ്ക്ക് പ്രായം മുപ്പത്തിയഞ്ചിലേറെയായി. ജോസേട്ടനുമായുള്ള സംസാരത്തി നിടയില്‍ പുത്ര വാല്‍സല്യത്തില്‍ പാരമ്യത്തില്‍ സിജോമോന്‍ എന്നല്ലാതെ, ഒരിയ്ക്കലും സിജോയെന്നു പോലും ഉച്ചരിച്ചു കണ്ടിട്ടില്ല.പളളിയിലും സമീപവഴികളിലുമാണ് ഈ അപ്പനേയും മകനേയും നാം കൂടുതല്‍ കണ്ടിട്ടുണ്ടാകുക.

സിജോയേയും കയ്യില്‍ ചേര്‍ത്ത് പിടിച്ച്, പള്ളിമുറ്റത്തേയ്ക്ക് വരുമ്പോഴും മുറ്റത്തെത്തിക്കഴിഞ്ഞാല്‍ കയ്യില്‍ നിന്നും കുതറിയോടി തികഞ്ഞ ജിജ്ഞാസയോടെയും അതിലേറെ സ്വാതന്ത്ര്യത്തോടെയും പള്ളിയ്ക്കകവും പുറവും അവയൊക്കെ ഏറ്റവുമാദ്യം കാണുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്‌ക്കളങ്കതയോടെ ആസ്വദിയ്ക്കുമ്പോഴും എത്രയോ പേരുടെ കണ്ണുകള്‍ അവരറിയാതെ ഈറനണിഞ്ഞീട്ടുണ്ട്. പഴയ പള്ളിയുടെ വരാന്തകളിലെ നിശ്ചല ചിത്രങ്ങള്‍, സിജോയേക്കാള്‍ മനോഹരമായി വേറെയാരും ആസ്വദിച്ചിട്ടുണ്ടാകില്ല. എനിയ്ക്കുറപ്പുണ്ട്; പള്ളിയകത്തെ വിശുദ്ധ രൂപങ്ങളുടെ ഭാവങ്ങള്‍ സിജോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍, നമ്മുടെ നാട്ടിലുണ്ടാകാനിടയില്ല. സിജോ, ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ നേരിടുന്ന ഒരാളായിരുന്നീട്ടു കൂടി, വടിയുടേയോ മറ്റു സമ്മര്‍ദ്ദങ്ങളുടേയോ അതിപ്രസരമില്ലാതെ, കണ്ണുകള്‍ കൊണ്ടു സംസാരിക്കുമായിരുന്നു, അവര്‍. വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കുമപ്പുറം അപ്പന്റെ കണ്ണുകളെക്കൊണ്ട് ആജ്ഞാപിക്കപ്പെടുകയും ആശ്വസിക്കപ്പെടുകയും നിശ്വസിക്കുകയും അവന്‍ ചെയ്തിരുന്നു.

പള്ളിയകത്തിരുന്ന് കൈകള്‍ കൂപ്പിച്ച് പ്രാര്‍ത്ഥിയ്ക്കാന്‍ അവന്റെയപ്പന്‍, അവനെ പഠിപ്പിച്ചതു പോലെ മറ്റൊരപ്പനും പറപ്പൂരില്‍ മക്കളെ അത്രത്തോളം പ്രാര്‍ത്ഥിയ്ക്കാന്‍ പരിശീലിപ്പിച്ചിട്ടുണ്ടാവില്ല. കൂപ്പിയ കൈകളില്‍ നിന്നും അവന്റെ ശ്രദ്ധയൊന്നുപതറിയാല്‍ അപ്പന്റെ നോട്ടമൊന്നു മതിയായിരുന്നു, അവന്റെ ശ്രദ്ധ അള്‍ത്താരയിലേയ്ക്കു തിരിയാന്‍. അങ്ങിനെ അപ്പന്റെ കണ്ണുകളാളും കൈവിരലുകളാലും മുഖഭാവങ്ങളാലും നിയന്ത്രിതമായ, പരിഭവങ്ങളില്ലാത്ത സിജോയുടെ രൂപഭാവങ്ങള്‍, പതിറ്റാണ്ടുകള്‍ മുമ്പു മുതലേ പറപ്പൂരുകാര്‍ എത്ര കണ്ടിരിക്കുന്നു.

അവരറിയാതെ, അവരെ സ്‌നേഹിച്ച; സഹതാപത്തിനപ്പുറം അവരെ മനസ്സിലാക്കിയ കുറച്ചു പേരൊക്കെ നമുക്കിടയിലുണ്ട്. തെങ്ങിന്‍ പട്ടയിലെ, ഓലയില്‍ നിന്നും ഈര്‍ക്കിലി മുകളിലേയ്ക്ക് ഊരി വിടുന്നതാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതില്‍ വെച്ച് അവന്റെ ഇഷ്ട വിനോദം. അക്കാരണം കൊണ്ടു തന്നെ ഓല,അവന്റെ സന്തത സഹചാരി ആയിരുന്നു. പള്ളിയകത്തേയ്ക്ക് കടക്കുന്നതിനു മുന്‍പ്, ആ തെങ്ങോലകള്‍ പിടിച്ചു വാങ്ങി, പള്ളി വശത്തെ തെങ്ങിന്‍ തടത്തിലിടുന്നത് ആത്മവേദനയോടെ അവന്‍ നോക്കി നില്‍ക്കുന്നതും പിന്നീട് പുറത്തേയ്ക്ക് വരുമ്പോള്‍ ആ ഓലകളെടുത്ത്, അതില്‍ നിന്നും ഈര്‍ക്കില്‍, ആകാശത്തേയ്ക്ക് ഉരിഞ്ഞു വീശുന്നത് നിര്‍വൃതിയോടെ തുടരുന്നതും എത്രയോ തവണ നാം കണ്ടിരിക്കുന്നു. തെങ്ങിന്റെ ഓലയോടുള്ള അവന്റെയിഷ്ടം മനസ്സിലാക്കി, അവനു വേണ്ടി തെങ്ങിന്‍ പട്ടകള്‍ വെട്ടി നല്‍കിയ അയല്‍ക്കാര്‍ വരെയുണ്ടെന്നത്, അവരെ മനസ്സിലാക്കിയവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്നതിന്റെ തെളിവാണ്. ജോസേട്ടന്‍, കൊരട്ടിയിലെ മധുര കോട്‌സില്‍ നിന്നും പിരിഞ്ഞു വന്നതു പോലും സിജോയെ നോക്കാനാണെന്ന് തോന്നിപോയിട്ടുണ്ട്.

തുടര്‍ന്ന് ഈയടുത്ത കാലം വരെ, സിജോ അപ്പനോടൊപ്പം, പിതൃ വാല്‍സല്യമനുഭവിച്ച് കൂടെയുണ്ടായിരുന്നു. അപ്പന്റെ പ്രായാധിക്യവും ആരോഗ്യക്കുറവും തന്നെയാവണം മുതലമടയിലെ സ്ഥാപനത്തിലേയ്ക്ക് അവനെയാക്കാന്‍ കാരണം. എങ്കിലും സാധിക്കുമ്പോഴും വിശേഷാവസരങ്ങളിലും അവനെ പറപ്പൂരിലേയ്ക്ക് കൂട്ടികൊണ്ടുവരാന്‍ ജോസേട്ടന്‍ കാണിക്കുന്ന ഔല്‍സുക്യം ഒന്നുമതി, അവരുടെ ആത്മബന്ധത്തെ നിര്‍വ്വചിച്ച് അതിന് നൂറ് മാര്‍ക്കിടാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here