പനി വരുമ്പോള്‍ സാധാരണ ആദ്യം തെരഞ്ഞെടുക്കുന്ന മെഡിസിന്‍ പാരസെറ്റാമോള്‍ ആണ്. പാര്‍ശ്വഫലങ്ങള്‍ അധികമില്ലാത്ത പാരസെറ്റാമോളിന് എതിരം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകപ്രചരണം നടക്കുന്നു.പാരസെറ്റാമോളിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. സത്യാവസ്ഥ തുറന്നുകാട്ടി ഷംമ്‌ന അസീസിന്റെ കുറിപ്പ് ശ്രദ്ദേയമാകുന്നു.

കുറിപ്പ് വായിക്കാം:

പാരസെറ്റമോൾ/അസെറ്റമിനോഫെൻ അല്ലെങ്കിൽ C8H9NO2 എന്ന രാസവസ്‌തുവിന്‌ വൈറസിനെ കൊണ്ടു നടക്കൽ അല്ല ജോലി…അത്‌ മാരകരോഗമോ കൊടൂര സൈഡ്‌ ഇഫക്‌ടുകളോ ഉണ്ടാക്കില്ല. ടാബ്ലെറ്റ്‌ പോലൊരു വരണ്ടുണങ്ങിയ വസ്‌തുവിൽ വൈറസിന്‌ ജീവിക്കാൻ കഴിയില്ല.Antipyretic (പനിക്കെതിരെ പ്രവർത്തിക്കുന്നത്‌) and Analgesic (വേദനക്കെതിരെ പ്രവർത്തിക്കുന്നത്‌) ആണ്‌ പാരസെറ്റമോൾ… സാരമായ പാർശ്വഫലങ്ങളില്ലാത്ത താരതമ്യേന സുരക്ഷിതമായ ഗുളിക. തമാശയായോ കാര്യമായോ എഴുതിയുണ്ടാക്കുന്ന ഈ മുറിയൻ മെസേജുകൾ ഇല്ലാതാക്കുന്നത്‌ വൈറൽ പനി മുതൽ കാൻസർ രോഗിക്ക്‌ പനിക്കുമ്പോൾ വരെ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ വിശ്വാസ്യതയാണ്‌… ഈ മെസേജിന്റെ മലയാളം വേർഷനിലെ ‘അപകടമായീടും’ വൈറസിന്‌ പേരുമില്ല, അഡ്രസ്സുമില്ല…എന്തിന്‌ പറയുന്നു..എഴുതിയുണ്ടാക്കിയ വിദഗ്‌ധന്‌ മര്യാദക്ക്‌ ഒരു മെസേജ്‌ അക്ഷരതെറ്റില്ലാതെ എഴുതാൻ പോലുമറിയില്ല… എന്നിട്ടും ‘Dolo കുഴപ്പമുണ്ടോ…Panadol കുഴപ്പമുണ്ടോ…Calpol കുഴപ്പമുണ്ടോ’ എന്നൊക്കെ മെസേജുകൾ വന്നു കൊണ്ടേ ഇരിക്കുന്നു… അതായത്‌, ഈ ബ്രാൻഡ്‌ പ്രശ്‌നമാണെന്ന്‌ സംശയാതീതമായി തെളിയിക്കപ്പെട്ടത്‌ പോലെയുള്ള പ്രതികരണങ്ങൾ… അക്ഷരങ്ങളോ സാരാംശമോ പ്രശ്‌നമല്ല…പാരസെറ്റമോൾ എന്ന്‌ മുതലാണ്‌ ജീവന്‌ ഹാനിയായിത്തുടങ്ങിയതെന്ന്‌ തിരിച്ച്‌ ചിന്തിക്കാൻ ഒരാളുമില്ല….ചുരുങ്ങിയത്‌ മെസേജിന്റെ നിലവാരമെങ്കിലും വരികൾക്കിടയിലൂടെ വായിക്കപ്പെടണം…വിശകലനം ചെയ്യണം..സംശയം ചോദിക്കണം… ഡോക്‌ടർമാർ പഠിച്ചെഴുതി പല കുറി വെട്ടിത്തിരുത്തി കുറ്റമറ്റതാക്കി ഒടുക്കം പ്രസിദ്ധീകരിച്ച കുറിപ്പുകൾ ഇത്ര വായിക്കപ്പെടുന്നില്ല…ഇത്തരം കുറിപ്പുകൾ തൊണ്ട തൊടാതെ വിഴുങ്ങപ്പെടുന്നു… ഈ ഒരു സാധനം കൊണ്ട്‌ വാട്ട്‌സ്സപ്പും മെസഞ്ചറും നിറഞ്ഞിരിക്കുന്നു… ചോദ്യത്തോട്‌ ചോദ്യം. വിവരമില്ലായ്‌മ ഒരലങ്കാരമായി കൊണ്ടു നടക്കുന്നവർ ചെയ്യുന്ന സാമൂഹ്യദ്രോഹത്തിന്‌ നേരെ കണ്ണടച്ച്‌ ഒരു ക്ലിക്കിൽ ഒന്നിലേറെ പേർക്ക്‌ ഫോർവാർഡ്‌ ചെയ്യുമ്പോൾ, വിശേഷബുദ്ധി എന്നൊന്ന്‌ നമ്മൾ പണയം വെക്കുകയാണോ? പ്രബുദ്ധമലയാളി സമൂഹം ഇതെങ്ങോട്ടാണ്‌ ?

LEAVE A REPLY

Please enter your comment!
Please enter your name here