മലപ്പുറം സ്വദേശിയായ ആറു വയസുകാരന്‍ ഡിഫ്ത്തീരിയ ബാധിച്ച് മരിച്ച വാര്‍ത്ത നമ്മള്‍ വായിച്ചറിഞ്ഞത്. കൂടാതെ എടപ്പാള്‍ സ്വദേശിനിയായ ആറുവയസ്സുകാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരണകാരണമാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത്. രോഗ പ്രതിരോധ കുത്തിവയ്പുകള്‍ നടത്താത്തതാണ് ഇത്രയും വലിയൊരു ദുരന്തത്തിലേക്ക് ചെന്നെത്തിച്ചത്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍ ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ദയാകര്‍ഷിക്കുന്നു.

കുറിപ്പ് വായിക്കാം: സ്‌കൂളില്‍ പോകാന്‍ പുത്തന്‍ ബാഗും കുടയും മേടിച്ച് വെച്ചൊരു അഞ്ചു വയസ്സുകാരന്‍ ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡിഫ്തീരിയക്ക് കീഴടങ്ങി. ജനിച്ച ഉടനേ എടുക്കുന്ന ബിസിജി മാത്രമേ അവന്‍ എടുത്തിരുന്നുള്ളൂ. നേരത്തിന് എല്ലാ കുത്തിവെപ്പും എടുത്തിരുന്നെങ്കില്‍ എടപ്പാളിലെ സ്‌കൂളില്‍ അവനും പുത്തന്‍ അധ്യയനവര്‍ഷത്തിന്റെ സന്തോഷവുമായി മിഠായി നുണഞ്ഞ് ഇരുന്നേനെ. ആ കുഞ്ഞ് മരിച്ചു. വാക്സിനേഷന്‍ നല്‍കുന്നത് നമ്മുടെ മക്കളുടെ ജീവനോളം വിലയുള്ള ഒന്നാണ്. ഈ വര്‍ഷത്തെ നിപ്പ ഭീഷണി ഏതാണ്ട് ഒതുങ്ങുകയാണെന്ന് തോന്നുന്നു. ഇനിയും കേസുകള്‍ വരാതിരിക്കട്ടെ. പ്രകൃതിയെ ഉപദ്രവിച്ച് മരം വെട്ടിയും വവ്വാലിന്റെ ആവാസവ്യവസ്ഥ നശിപ്പിച്ചും എന്തോ മായാജാല ഫലമുണ്ടെന്ന് പറഞ്ഞ് അതുങ്ങളെ തല്ലിക്കൊന്ന് ഇറച്ചി തിന്നും ഉപദ്രവിക്കരുത്. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. അവയെ നശിപ്പിക്കുന്നതല്ല, പ്രകൃതിയെ സംരക്ഷിക്കുന്നതാണ് നിപ്പയുള്‍പ്പെടെയുള്ള മാരകരോഗങ്ങളില്‍ നിന്ന് രക്ഷ തരിക.

മഴ തുടങ്ങിയിരിക്കുന്നു. വയറിളക്കവും ഛര്‍ദ്ദിയും മഞ്ഞപ്പിത്തവുമൊക്കെ വഴിയേ വരുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സാധിക്കുമെങ്കില്‍ ഭക്ഷണം പാകം ചെയ്ത ഉടനേ കഴിക്കുക. തുറന്ന് വെക്കാതെ മൂടി വെച്ച്, കഴിക്കുന്നതിന് തൊട്ട് മുന്‍പ് മാത്രം വിളമ്പുക. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം ഭക്ഷിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളിലെ ഭക്ഷണമോ വെള്ളമോ ഉപയോഗിക്കരുത്. കൊതുക് കടിക്കുന്നത് പല വിധ രോഗങ്ങള്‍ക്ക് കാരണമാകാം. കൊതുക് വളരാന്‍ കാരണമാകുന്ന എല്ലാ സാഹചര്യങ്ങള്‍ പാടേ ഒഴിവാക്കുക. കൊതുകിനെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക. കൊതുകുകളുടെ ജനപ്പെരുപ്പം സഹിക്കവയ്യാത്ത ഇടങ്ങളില്‍ കൊതുകുവല ഉപയോഗിക്കുക.

പനിക്കാലം കൂടിയാണ് മഴക്കാലം. പനിക്ക് ഒന്നോ രണ്ടോ നേരം പാരസെറ്റമോള്‍ കഴിച്ച് നോക്കിയിട്ടും പനി തുടരുകയാണെങ്കില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടുക. പക്ഷേ, സഹിക്കവയ്യാത്ത വേദനകളും ദേഹത്ത് ചുവന്ന് തടിക്കുന്നതും കണ്ണിലെ വെള്ളയില്‍ ഉണ്ടാകുന്ന ചോരച്ചുവപ്പും വിട്ടു മാറാത്ത ഛര്‍ദ്ദിയും വയറിളക്കവും ചുമയും ശ്വാസതടസം പോലുള്ളവയും സ്ഥലകാലബോധം നഷ്ടപ്പെടുന്നതും അസഹനീയ തലവേദനയും കണ്ണിന് പിറകിലെ വേദനയുമെല്ലാം പനിയോടൊപ്പമുണ്ടെങ്കില്‍ ഒട്ടും വൈകാതെ ചികിത്സ തേടുക.ആരോഗ്യത്തോടെയിരിക്കേണ്ടത് നമ്മുടെ അവകാശമാണ്. രോഗങ്ങളേതും തുടക്കത്തില്‍ തിരിച്ചറിയുന്നതിന് ജീവനോളം വിലയുമുണ്ട്.ആരോഗ്യമാണ് സമ്പത്ത്. കപടചികിത്സകര്‍ക്കും കേശവന്‍ മാമന്‍മാര്‍ക്കും ആയുസ്സും ആരോഗ്യവും ദയവ് ചെയ്ത് അടിയറവ് വെക്കാതിരിക്കുക. മഴയും മരവും പെയ്യുന്നത് ആസ്വദിക്കാനാവുന്നത് ശരീരവും മനസ്സും നിറഞ്ഞ് പെയ്യുമ്പോള്‍ മാത്രമാണല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here