കേരളത്തില്‍ നിപ വൈറസ് ആരോഗ്യ മന്ത്രി സ്ഥിരീകരിച്ച വാര്‍ത്ത വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും ആളുകള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ് പ്രമുഖര്‍. ഇപ്പോള്‍ നടന്‍ മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ”വേണ്ടത് ഭയമല്ല . ജാഗ്രതയാണ്” എന്ന സന്ദേശമാണ് നടന്‍ മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവച്ചത്. നിപ പകരാനുള്ള കാരണങ്ങള്‍, രോഗ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങളും വിവരങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചു. നിപയെ ഒന്നിച്ച് നേരിടാമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ പേജിലെ വിവരങ്ങള്‍: എറണാകുളത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ ജനങ്ങളും സ്വീകരിക്കണം. എന്താണ് നിപ? പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം. അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ പതിനാലു ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങള്‍ പ്രകടമാകുക. രോഗലക്ഷണങ്ങള്‍ എന്തൊക്കെ? പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.

രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക ,വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തിന്റെ ഉള്ളിലെത്താനുള്ള സാഹചര്യം ഒഴിവാക്കുക. വവ്വാലൂകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ് ഫലങ്ങള്‍ ഒഴിവാക്കുക. വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. രോഗിയുമായി സമ്പര്‍ക്കം ഉണ്ടായെങ്കില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്നും ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കുക രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് ഇടപഴകുമ്പോള്‍ കയ്യുറകളും മാസ്‌കും ധരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here