അമ്മയും മക്കളുടേയും സ്‌നേഹത്തിന് മുന്നില്‍ അച്ഛന് കാണിയുടെ റോള്‍ മാത്രം !!! അമ്മയോളം അമ്മ മാത്രമെന്ന് ബോധ്യപ്പെടുത്തിയ ആ ദിവസം- കുറിപ്പ്

0

കുടുംബനാഥന്‍ എന്നൊക്കെ പറഞ്ഞു ഞെളിഞ്ഞിരിക്കാം ആണുങ്ങള്‍ക്ക്. ശരിക്കും ആലോചിച്ചാല്‍ ഒരു കുടുംബവും അതിലെ അംഗങ്ങളെയും ഒക്കെ നന്നായി നോക്കുന്നതും പരിപാലിക്കുന്നതും ആ വീട്ടിലെ അമ്മ തന്നെ ആണെന്ന് തുറന്നു പറയുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുറിപ്പ് വായിക്കാം: അമ്മയോളം അമ്മ മാത്രം എന്ന് എന്നെ ബോധ്യപ്പെടുത്തിയ ഒരു ദിവസം ആണ് കടന്നു പോകുന്നത്. അല്ലെങ്കില്‍ അച്ഛന്‍ എന്ന നിലയില്‍ ഞാന്‍ ഒന്നും അല്ല എന്ന തിരിച്ചറിവ് തന്ന ദിവസം.അതുമല്ലെങ്കില്‍ ഒരു കുട്ടിയുടെ ജീവിതത്തില്‍ ഒരമ്മയുടെ സ്ഥാനം എത്രയോ ഉയരെ ആണെന്ന തിരിച്ചറിവ്. ഇന്നലെ ലിയ മോള്‍ക്ക് ഒരു സര്‍ജ്ജറി വേണ്ടി വന്നു. അഡിനോയിഡക്ടമി. ജോഹാന് ന്യൂമോണിയ ആയതിനാല്‍ ഹോസ്പിറ്റലില്‍ ലിയയുടെ കൂടെ ഞാന്‍ ആണ് നില്‍ക്കേണ്ടി വന്നത്. സര്‍ജ്ജറിക്കാണ് പോകുന്നത് എന്നൊന്നും മോളോട് പറഞ്ഞില്ല. ഹോസ്പിറ്റലില്‍ എത്തി വേഷം മാറി ഹോസ്പിറ്റല്‍ ഗൗണ്‍ ഇട്ടപ്പോള്‍ അവള്‍ അമ്പരന്നു. കാനുല ഇടാന്‍ ഒന്ന് രണ്ടു തവണ കുത്തേണ്ടി വന്നു. അടക്കി പിടിച്ചു അവള്‍ കരഞ്ഞു കൊണ്ടിരുന്നു. എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്ത് കരഞ്ഞപ്പോഴും അമ്മേ എന്നാണ് അവള്‍ വിളിച്ചു കൊണ്ടിരുന്നത്. സിസ്റ്റര്‍ പോയി കഴിഞ്ഞപ്പോള്‍ കരച്ചില്‍ കുറച്ചു അടങ്ങി.

വീഡിയോ കാള്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ഭാര്യയെ വിളിച്ചു. അമ്മയുടെ ലിയ കുട്ടീ എന്ന വിളി കേട്ടപ്പോള്‍ കണ്ണുനീരിനിടയിലും ആ കണ്ണുകള്‍ തിളങ്ങുന്നത് കാണാന്‍ എന്തൊരു സൗന്ദര്യം ആയിരുന്നെന്നോ? ഡോക്ടര്‍ വന്നു ഓരോ ചോദ്യങ്ങള്‍. മോളു കഴിച്ചിരുന്ന മരുന്നുകള്‍ ഏതൊക്കെ? ഭക്ഷണരീതികള്‍? രാത്രിയില്‍ ഉറക്കം എങ്ങനെ? അങ്ങനെ ഒരു പിടി ചോദ്യങ്ങള്‍. സത്യത്തില്‍ അപ്പോഴാണ് ഞാന്‍ ഇതൊക്കെ ഓര്‍ക്കുന്നത് തന്നെ. എനിക്കൊരു കാര്യവും അറിയില്ല. എല്ലാം ഭാര്യ ആയിരുന്നു നോക്കിയിരുന്നത്. ലോകത്തുള്ള സകലമാന കാര്യങ്ങളെ കുറിച്ചും ഫേസ്ബുക്കില്‍ കുത്തിക്കുറിക്കാന്‍ മിനക്കെടുന്ന ഞാന്‍ എന്റെ മോളു കഴിക്കുന്ന മരുന്നിന്റെ പേര് പോലും അറിയാത്ത പോഴന്‍ ആണല്ലോ എന്നോര്‍ത്തു സ്വയം നിന്ദ തോന്നി. ഓപ്പറേഷന്‍ തിയേറ്ററില്‍ കേറാന്‍ നേരം അവള്‍ക്കു മനസ്സിലായി. വീണ്ടും കരച്ചില്‍ തുടങ്ങി. എന്റെ കൈയ്യില്‍ ഉള്ള പിടുത്തം മുറുകി. ഒച്ചയില്ലാതെ ആണ് കരച്ചില്‍ എങ്കിലും കണ്ണുനീര്‍ ഒഴുകി ഇറങ്ങുന്നത് കണ്ടു തിയേറ്റര്‍ നഴ്‌സിന് അലിവ് തോന്നിയാകണം എന്നെയും പോസ്റ്റ് ഓപ്പറേറ്റീവ് ഏരിയ വരെ കടക്കാന്‍ അനുവദിച്ചു. ഉറങ്ങാനുള്ള മരുന്ന് കൊടുക്കുമ്പോഴും അവളുടെ ചുണ്ടുകള്‍ ‘അമ്മ ‘ എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു.

എന്റെ മുഖത്തോട്ടു നോക്കുമ്പോഴും ആ കണ്ണുകള്‍ തിരഞ്ഞത് അവളുടെ അമ്മയെ തന്നെ ആണെന്നറിയാമായിരുന്നു. കണ്ണുകള്‍ അടഞ്ഞു അവള്‍ പതുക്കെ മയക്കത്തിലേക്ക്. അകത്തേക്ക് ട്രോളി ഉന്തി അവളെയും കൊണ്ടു പോകുമ്പോള്‍ എന്തോ ഒരു വേദന വന്നു കണ്‍തടത്തില്‍ രണ്ടു തുള്ളിയായി ഉരുണ്ടു കൂടി. ആരും കാണാതെ മുഖം മറച്ചു പുറത്തു കടന്നു. എല്ലാം നന്നായി അവസാനിച്ചു അവളെ റൂമിലേക്ക് മാറ്റി. അനസ്‌തേഷ്യയുടെ മയക്കത്തില്‍ ആണെങ്കിലും ഒന്നും കുഴപ്പമില്ല എന്നവള്‍ എന്നെ കണ്ണടച്ചു കാണിച്ചു. കല്ല് പോലെ ആണ് പുറമെ എങ്കിലും എന്റെ ഉള്ളിലെ വിഷമം അവള്‍ക്കു മനസ്സിലായി എന്ന് തോന്നുന്നു. ഉച്ച കഴിഞ്ഞു ഭാര്യ വന്നു കഴിഞ്ഞപ്പോള്‍ പിന്നെ വേറൊരു ലോകമാണ് ഞാന്‍ കണ്ടത്. എന്നോട് ഒന്നും വേണ്ട എന്ന് പറഞ്ഞു കിടന്ന മോള്‍ക്ക് ജ്യൂസും ചെറിയ ഭക്ഷണങ്ങളും ഒക്കെ കൊടുക്കുന്ന അവളുടെ മിടുക്കു. അതൊരു കലയാണ്. അമ്മയും മക്കളും കൂടെ മാത്രം പങ്കെടുക്കുന്ന ആ കലയില്‍ അച്ഛന് കാണിയുടെ റോള്‍ മാത്രം. ക്ഷമയും കാത്തിരിപ്പും ഒക്കെ വേണ്ട പണി. ഞാന്‍ ആണേല്‍ ‘ആ വേണമെങ്കില്‍ പിള്ളേര് തന്നെ കഴിച്ചോളും ‘ എന്ന് പറഞ്ഞു ഒഴിവാകുന്നിടത്താണ് ഭാര്യയുടെ ഈ ഇടപെടല്‍ എന്നതാണ് രസം.

വൈകുന്നേരം അവര് പോയി കഴിഞ്ഞപ്പോള്‍ വീണ്ടും ഞാനും മോളും. അമ്മയില്ലാതെ ആദ്യമായാണ് അവള്‍ കിടക്കുന്നതു. അതിന്റെ സങ്കടം ഉണ്ട് മുഖത്ത്. ഞാന്‍ പതുക്കെ തഴുകുമ്പോളും തടവുമ്പോഴും ആ സങ്കടം അണപൊട്ടും. ഉറങ്ങാന്‍ പറഞ്ഞിട്ടും മോളുറങ്ങുന്നില്ല. അതിനിടയില്‍ ഭാര്യയുടെ കോളുകള്‍. എന്തായി? മോളു കഴിച്ചോ? കരയുന്നുണ്ടോ? അങ്ങനെ നൂറു കൂട്ടം ആശങ്കകള്‍. ഏതായാലും അമ്മയേയും മോളെയും ഒരു കണക്കില്‍ ഉറക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. രാവിലെ ആണ് പ്രതിസന്ധിയും നിസ്സഹായതയും രൂക്ഷമായത്. മോളുടെ മുടി നീണ്ടതിനു ശേഷം ഒരിക്കല്‍ പോലും ഞാനതു കെട്ടി കൊടുത്തിട്ടില്ല. പാറി പറന്നു കിടക്കുന്ന മുടി ഒന്ന് ചീകി ഒതുക്കാന്‍ ശ്രമിച്ചത് പുലി വാലായി. ചീകി ചീകി മൊത്തം ജട പിടിപ്പിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ? 1 മിനിറ്റ് കൊണ്ടു ഭാര്യ പുഷ്പം പോലെ ചെയ്യുന്ന പണി ആണല്ലോ ഇതെന്നോര്‍ത്തപ്പോള്‍ കിളി പോയി. ഭക്ഷണം കൊടുക്കാന്‍ പിന്നെയും പ്രശ്‌നം. ഏതായാലും കാര്യങ്ങള്‍ എല്ലാം ഒരു പരിഹരിച്ചു, ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തി. അമ്മയെയും മകളെയും അവരുടെ ലോകത്തേക്ക് വിട്ടു ഞാന്‍ സ്‌കൂട്ട് അടിച്ചു.

പറഞ്ഞു വന്നത് ജോലി എടുത്ത് വീട്ടു കാര്യങ്ങള്‍ നടത്തുന്നു എന്നത് കൊണ്ടു മാത്രം ഒരാള്‍ കുടുംബ നാഥന്‍ ആകില്ല. പ്രത്യക്ഷത്തില്‍ എളുപ്പം എന്നും നിസ്സാരം എന്നുമൊക്കെ തോന്നുന്ന കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ആണ് അതൊക്കെ എത്രയോ ബുദ്ധിമുട്ട് ഉള്ളത് ആണെന്ന് മനസ്സിലാകുക. നിനക്കെന്താ പണി എന്നൊക്കെ ആണുങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്ന കാര്യങ്ങള്‍ ഇടക്കെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിക്കണം. അപ്പോള്‍ അറിയാം അതിന്റെ ഒക്കെ വിഷമം. പരാതി ഇല്ലാതെ, പരിഭവം ഇല്ലാതെ നമ്മുടെ അമ്മമാരും ഭാര്യമാരും സഹോദരിമാരും ഒക്കെ ചെയ്യുന്ന കാര്യങ്ങള്‍ വളരെ അധികം മഹത്തരമായ കാര്യങ്ങള്‍ ആണ്. പക്ഷെ അതൊന്നും ആരും കാണുകയും മനസ്സിലാക്കുകയും ഒരു നല്ല വാക്ക് പോലും പറയുന്നും ഇല്ല എന്ന് മാത്രം. മക്കളുടെ ഇത്തരം കാര്യങ്ങളില്‍ അപ്പന്മാര്‍ക്കും തുല്യ പങ്കാളിത്തം ഉണ്ട്. അതൊക്കെ ചെയ്യാന്‍ സഹായിക്കുന്നത് വലിയ കുറച്ചില്‍ ആയൊന്നും കാണേണ്ട കാര്യമില്ല. കുടുംബനാഥന്‍ എന്നൊക്കെ പറഞ്ഞു ഞെളിഞ്ഞിരിക്കാം ആണുങ്ങള്‍ക്ക്. ശരിക്കും ആലോചിച്ചാല്‍ ഒരു കുടുംബവും അതിലെ അംഗങ്ങളെയും ഒക്കെ നന്നായി നോക്കുന്നതും പരിപാലിക്കുന്നതും ആ വീട്ടിലെ അമ്മ തന്നെ ആണ്. ആ അര്‍ത്ഥത്തില്‍ വീട്ടിലെ അമ്മ തന്നെ അല്ലെ എല്ലാം? എല്ലാ മക്കള്‍ക്കും അമ്മ കഴിഞ്ഞേ വേറെ എന്തും ഉള്ളൂ എന്നും നാം മനസ്സിലാക്കണം. Nb : ഞാന്‍ നന്നായി എന്നൊക്കെ ഈ കുറിപ്പ് കാണുമ്പോള്‍ എന്റെ പാവം ഭാര്യ തെറ്റിദ്ധരിച്ചു കാണില്ല എന്നറിയാം. ശങ്കരന്‍ again on coconut tree എന്ന് അവള്‍ക്കല്ലേ നന്നായി അറിയൂ. (തെറ്റിദ്ധരിച്ചില്ലേല്‍ അവള്‍ക്കു കൊള്ളാം).

LEAVE A REPLY

Please enter your comment!
Please enter your name here