മോഹന്‍ലാലിന്റെ അഭിനയ വൈഭവത്തെ പ്പറ്റിയുള്ള തമിഴ് തിരക്കഥാകൃത്ത് എം.കെ മണിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. അദ്ദേഹം തമിഴില്‍ രചിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മലയാളത്തിലെ പ്രമുഖ സിനിമ ഗ്രൂപ്പുകളില്‍ ആരാധകര്‍ക്കായി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഈ കുറിപ്പ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ അദ്ദേഹം എഴുതിയതാണ്. എം.കെ മണിയുടെ വാക്കുകള്‍.ഒന്ന് തീര്‍ച്ചയായും പറയണം. പുലിമുരുകന്‍ അല്ല ലാല്‍. മലയാളത്തിന്റെ വീഴ്ചയെന്നു പറഞ്ഞേക്കാവുന്ന സിനിമകള്‍ തന്നെയാണ് അതിന്റെ ചന്ത നിലവാരം നിശ്ചയിക്കുന്ന സിനിമകള്‍ എന്നത് ഒരു തമാശയാണ്. ഒരു സൂപ്പര്‍ സ്റ്റാറും അതില്‍ നിന്ന് മുക്തനല്ല. എന്നുവെച്ഛ് ലാല്‍ ലാലല്ലാതെയാവുമോ? സ്വന്തം മകനെ ഒരു നോക്ക് കാണാന്‍ കുഞ്ഞികുട്ടന്‍ എന്ന കഥകളിക്കാരന്‍ അലയുമ്പോള്‍, തലയ്ക്ക് മുകളില്‍ ഒരു പന്ത് ഉരുളുന്ന ശബ്ദം കേട്ട് കലങ്ങിപ്പോകുന്ന ഒരു ഭാവം മതി. നൂറു പുലിമുരുകന്‍മാരെ സഹിക്കാം. ഒരിക്കല്‍ കട്ടു പോയാല്‍ ജീവിതകാലം മുഴുവന്‍ അവന് ‘കള്ളന്‍’ എന്ന മുദ്രകുത്തി ശീലിച്ചവരല്ലേ നമ്മള്‍? കലാകാരനും അതു പാതകമല്ലേ?.

 

അരവിന്ദന്റെ സിനിമയില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് വേണ്ട ഭാവുകത്വങ്ങള്‍ എന്താണെന്നും ലാലിനറിയാം. അതിന്റെ നേരെതിരായിട്ടുള്ള സിനിമകളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്. ഉദാഹണനത്തിന് ദേവാസുരം. കണ്ടിട്ടുണ്ടാവും. ജീവിതത്തിന്റെ കൊടും കൈകള്‍ ഒരു മനുഷ്യന്റെ കഴുത്തു ഞെരിക്കുന്നത് എല്ലാ ക്രൂരതയോടും പറഞ്ഞ സിനിമ. ജയില്‍ ശിക്ഷ കഴിഞ്ഞ് മീന്‍ വിറ്റ് ജീവിക്കുന്ന, അബദ്ധങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നയാളെ വലിച്ചിഴച്ച് തെരുവിലേക്ക് എറിയുന്നു. അപ്പോള്‍ ഒരു തീരുമാനമെടുത്ത് ലാല്‍ പറയുന്നുണ്ട് : ‘സമൂഹം തനിക്കൊരു മുള്‍ക്കിരീടം വെച്ച് തൂവല്‍ ചാര്‍ത്തി തന്നിരിക്കുന്നു’. ജ്വലിക്കുന്ന മുഖം ഏതാണെന് ചോദിച്ചാല്‍ അത് കാണിച്ചു കൊടുക്കാം. അതേ സിനിമയില്‍ തന്നെ വേറൊരു സീന്‍ ഉണ്ട്.

ഒരുപാട് ആദരിച്ച അച്ഛന്‍ സ്വന്തം മകളെ വ്യഭചരിക്കാന്‍ ഒരു മുറിയിലേക്ക് അയച്ചിട്ട് അടുത്ത മുറിയില്‍ കാത്തിരിക്കുന്നു. അച്ഛന്‍ തിലകനാണ്. മകന്‍ ലാല്‍. അച്ഛന്‍ ചെയ്ത കാര്യം മകന്‍ അറിയുമ്പോള്‍ അയാള്‍ മുറിക്കകത്ത് ചെന്ന് ആത്മഹത്യ ചെയ്യുന്നു. വെറുത്തു വെറുത്തു തീര്‍ന്നപ്പോള്‍ തന്റെ അച്ഛനെ പറ്റിച്ചതെന്തെന്നു ഒരു ഘട്ടത്തില്‍ മകന്‍ തിരിച്ചറിയുന്നു, ഒരു ജ്ഞാനം കിട്ടിയപ്പോലെ. അവിടെ ഒരു സീന്‍ ഉണ്ട് – ഇനിയും പറഞ്ഞു നീട്ടുന്നില്ല. മോഹന്‍ലാല്‍ ഒരു മഹാ നടന്‍ എന്നു ഞാന്‍ വീണ്ടും വീണ്ടും തിരിച്ചറിയുന്നു. കാലം ഇനിയും ഒരുപാടുണ്ട്. അദ്ദേഹം നൂറ്‌ കൊല്ലം ജീവിക്കണം.ഇപ്പോള്‍ ജനിച്ചു വീണ ഒരു കുഞ്ഞിന്റെ വളര്‍ച്ചയേയുള്ളൂ ഇന്ത്യന്‍ സിനിമയ്ക്ക്. കൈയും കാലും ഇനി വളരണമെത്രെ. കഥ പറച്ചിലില്‍ ഊന്നി നില്‍ക്കുന്ന, വിഡ്ഢിത്തങ്ങള്‍ ഒരുപാടുള്ള ഈ അബദ്ധങ്ങളുടെ കാലം കഴിഞ്ഞ് പുതിയ പാതകള്‍ തൊടുമ്പൊഴായിരിക്കും ലാല്‍ എന്ന നടനെ വെല്ലു വിളിക്കുന്ന സിനിമകള്‍ ഇവിടെ ഉണ്ടാവുക. മേലേ വല്ല ഇടത്തും ഞാന്‍ വികാരം കൊണ്ടതായി തോന്നിയെങ്കില്‍ അത് ലാല്‍ സൃഷ്ടിക്കുന്ന മാജിക് ആണെന്നും ഞാന്‍ പറയട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here