എന്റെ കുഞ്ഞ് അനുഭവിച്ച വേദന മറ്റൊരു കുഞ്ഞും അനുഭവിക്കാതെ ഇരിക്കാന്‍. ഒരമ്മയുടെ നെഞ്ചില്‍ തൊട്ട കുറിപ്പ്.

0

ജിജി സിജു എന്ന യുവതിയുടെ ഗൌരവമേറിയ അനുഭവം തന്‍റെ ഫെയിസ് ബുക്കില്‍ കുറിച്ചപ്പോള്‍ നിരവധിയാളുകളാണ് അത് ഷെയര്‍ ചെയ്തത്. കുറിപ്പ് വായിക്കാം. “ഇത് കഥയല്ല… (വർഷം 2011). എന്റെ മൂത്ത മകൾ, അവൾ ഞങ്ങളുടെ രണ്ടു കുടുംബത്തിലെയും ആദ്യത്തെ കുട്ടിയാണ്. ഈ നാട്ടിൽ തന്നെ അവൾ ജനിക്കണമെന്ന് ഞങ്ങൾക്കു ആഗ്രഹം ഉള്ളതു കൊണ്ടു തന്നെ അദ്ദേഹം വിദേശത്തേക്ക് പോയപ്പോൾ ഗർഭിണിയായ ഞാൻ നാട്ടിൽ തന്നെ തുടരുവാൻ തീരുമാനിച്ചു. അവൾ വന്നു കഴിഞ്ഞപ്പോൾ ആദ്യത്തെ ചെറുമകളെ ലാളിക്കുവാനും ഒരുക്കുവാനും രണ്ടു വീട്ടിലും പരസ്പരം മത്സരം ആയിരുന്നു. വീട് മുഴുവനും പച്ചമരുന്നിന്റെയും ബേബി പൌഡർ ന്റെയും മണം കൊണ്ട് നിറഞ്ഞിരുന്നു. കുഞ്ഞിനെ കാണുവാൻ വരുന്നവരുടെ ഉച്ചത്തിലുള്ള സംസാരവും പ്രസവനന്തരമുള്ള ഭക്ഷണ പഥ്യത്തിനെതിരെയുള്ള എന്റെ വാക്പോരുകളും ഒക്കെയായി വീടിനുള്ളിൽ എല്ലാ നേരങ്ങളിലും ശബ്ദകോലാഹലങ്ങൾ തന്നെ. എങ്കിലും അയൽവാസികൾ ചോദിക്കും ‘നിങ്ങളുടെ വീട്ടിൽ നിന്നും കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറേയില്ലല്ലോ എന്ന്.’

കരച്ചിലും വാശിയും വളരെ കുറവുള്ള കുഞ്ഞായിരുന്നു അവൾ. എന്നാൽ ഒന്നൊര മാസം കഴിഞ്ഞപ്പോൾ മുതൽ അവൾ നിർത്താതെ കരയുവാൻ തുടങ്ങി. പാല് കുടിക്കാതെയായി. അവളേയും കൊണ്ട് ഞങ്ങൾ അടുത്തുള്ള കുട്ടികളുടെ ഹോസ്പിറ്റലിൽ പോയി. കഫക്കെട്ടു ആണ് അഡ്മിറ്റ് ചെയ്യണം എന്ന് ഡോക്ടർ നിർദ്ദേശിച്ചു. അവളുടെ കുഞ്ഞിക്കൈയ്യ് പുറത്തു സിറിഞ്ചു കുത്തിയിട്ടു, അതിൽ മണിക്കൂറുകൾ ഇടവിട്ട് ആന്റിബയോട്ടിക്കുകൾ കടത്തി വിട്ടുകൊണ്ടേയിരുന്നു. ഓരോ തവണയുമുള്ള അവളുടെ നിലവിളി എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. മരുന്നും നെബുലൈസേഷനും ഒക്കെയായി ദിവസങ്ങൾ നീങ്ങി. ഭേദമായെന്നുള്ള ഡോക്ടറിന്റെ ഉറപ്പിൽ ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പോയി. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ. അവളുടെ ചിരിയും കളിയും വീട് മുഴുവനും. എന്നാൽ അത് അധിക നേരം നീണ്ടു നിന്നില്ല. വീണ്ടും അവൾ പഴയത് പോലെ നിർത്താതെ കരയുവാൻ തുടങ്ങി, പാല് കുടിക്കാതെയായി. പല രീതികളും ശ്രമിച്ചു നോക്കി പക്ഷേ ഒന്നും ഫലം ചെയ്തില്ല. വീണ്ടും അതേ ഹോസ്പിറ്റലിലേക്ക്. എല്ലാം വീണ്ടും പുനരാവർത്തിക്കുവാൻ തുടങ്ങി. പാൽ മണം മാറി ആന്റിബയോട്ടിക്കിന്റെ മണം അവളുടെ ശരീരം മുഴുവനും അനുഭവപ്പെട്ടു. മാറി മാറി അവളെ പരിശോധിക്കുന്ന ഡോക്ടർമാർ പറയുന്നതുകേട്ടു തലയാട്ടാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

വീണ്ടും ഭേദമായെന്നുള്ള ഉറപ്പിൽ വീട്ടിലേക്ക്. എന്നാൽ രണ്ടു ദിവസങ്ങൾക്ക് ശേഷം എല്ലാം പഴയ പടി ആവർത്തിച്ചു. വീണ്ടും ആ ഹോസ്പിറ്റലിൽ അവളേയും കൊണ്ടു പോകുവാൻ എന്റെ മനസ്സ് അനുവദിച്ചില്ല. പകരം അടുത്തു തന്നെയുള്ള മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഡോക്ടർ അവളെ പരിശോധിച്ചു കഫക്കെട്ട് ആണെന്ന് സ്ഥിരീകരിച്ചു അഡ്മിറ്റ് ചെയ്തു. അതേ ആന്റിബയോട്ടിക്കുകൾ. നെബുലൈസേഷൻ പ്രക്രിയകൾ. ദിവസങ്ങൾ കഴിഞ്ഞു. രണ്ടു മാസം പ്രായമുള്ള എന്റെ കുഞ്ഞിന്റെ രണ്ടു കൈയ്യിലും മാറി മാറി സിറിഞ്ച് കുത്തിയിട്ടിരുന്നു. ഓരോ തവണയും മരുന്ന് കയറുമ്പോൾ അവൾ നില വിളിച്ചു കരയുന്നതു കണ്ടു കൂടെ കരയുവാനേ എനിക്ക് കഴിഞ്ഞുള്ളു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ ആയതുകൊണ്ട് അമ്മ ഇടയ്ക്കിടെ ദേഹം തുടയ്ക്കുകയും ബേബി പൌഡർ പൂശുകയും ചെയ്യും. ഡോക്ടർ ഓരോ തവണയും സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് നോക്കിയിട്ടു പറയും ഇപ്പഴും കഫക്കെട്ട് മാറിയിട്ടില്ലെന്നും,
വീണ്ടും മെഡിസിൻസ് തുടരാനും കൂടെയുള്ള നഴ്സുമാരോട് നിർദ്ദേശിക്കും
എന്റെ കുഞ്ഞിന്റെ രണ്ടു കൈകളും നീര് വെച്ചു തുടങ്ങി.

പിറന്നു വീണപ്പോൾ മൂന്നേമുക്കാൽ കിലോയോളം ഉണ്ടായിരുന്ന അവൾ അര മണിക്കൂർ ഇടവിട്ട് പാല് കുടിച്ചു കൊണ്ടേയിരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഏതാനും തുള്ളി പാൽ അവളുടെ ഉള്ളിൽ ചെന്നാൽ ആയി എന്നു മാത്രം. പലപ്പോഴും കരഞ്ഞു കരഞ്ഞു തളർന്നു അവൾ ഉറങ്ങിപ്പോകും. അത്രെയും നേരമെങ്കിലും അവളുടെ കരച്ചിൽ കാണാതെ ഇരിക്കുവാൻ എനിക്ക് കഴിഞ്ഞു. ഇതിനിടയിൽ ചുറ്റിനും നിന്നും എന്റെ കാതുകളിൽ എത്തുന്ന മനുഷ്യരുടെ വാക്കുകൾ അഗ്നിയിൽ വെന്തിരിക്കുന്ന ശരീരത്തു കത്തിയുടെ മൂർച്ച കൂട്ടുന്നത് പോലെ വേദനിക്കും. അവളുടെ രണ്ടു കുഞ്ഞിക്കൈകളും നീര് വെച്ചതിനെ തുടർന്ന് അത് നീക്കം ചെയ്തു പകരം കാലിൽ കുത്തിയിടണമെന്നു പറഞ്ഞു. അത് കേട്ട് എന്റെ കണ്ണ് നിറഞ്ഞതു കണ്ടപ്പോൾ നേഴ്സ് എന്റെ കൈയ്യിൽ നിന്നും വാങ്ങി അവളെ നഴ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. അല്പം കഴിഞ്ഞപ്പോൾ നഴ്സിംഗ് റൂമിൽ നിന്നും അവളുടെ നിലവിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.

അവിടെ നഴ്‌സ്മാർ പരസ്പരം ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ്. അവളുടെ ഒരു കാലിൽ സിറിഞ്ചു കുത്തുവാൻ ഞരമ്പ് കിട്ടുന്നില്ലത്രേ. ഞാൻ അവളുടെ കാലിലേക്ക് നോക്കിയപ്പോൾ അവർ ബലമായി കുത്തുവാൻ ശ്രമിച്ചതിന്റെ പാടുകൾ. അവൾ എന്നെ കണ്ടതും രണ്ടും കൈയും നീട്ടി ഉറക്കെ കരഞ്ഞു. ഒരു സ്ത്രീ ഏറ്റവും കൂടുതൽ പ്രതികരിച്ചു തുടങ്ങുന്നത് എപ്പോഴാണെന്ന് അറിയുമോ?
‘അത് അവൾ ഒരു ‘അമ്മ ആയി തീരുമ്പോളാണ്.’ ഞാൻ അവളെ അവരുടെ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങി, ഇനി അവളുടെ ശരീരത്തു സിറിഞ്ചു കുത്തണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞു. “ഡോക്ടർ ആണ് കാലിൽ കുത്തുവാൻ പറഞ്ഞത്. ഡോക്ടർ അറിഞ്ഞാൽ.??” അവർ പരിഭ്രമത്തോടെ പറഞ്ഞപ്പോൾ ഞാൻ മറുപടി പറഞ്ഞു.
‘പകരം ഓറൽ മെഡിസിൻസ് നൽകിയാൽ മതിയെന്നും ‘ പറഞ്ഞു കൊണ്ട് ഞാൻ അവളേയും എടുത്തു കൊണ്ടു തിരികെ റൂമിലേക്ക് പോയി. ഞാൻ പറഞ്ഞത് പരാതി പോലെ ഡോക്ടറിന്റെ ചെവിയിൽ എത്തി. വൈകിട്ടത്തെ റൗണ്ട്സ് പരിശോധനയിൽ ഡോക്ടർ എനിക്ക് മുന്നിൽ ശകാരങ്ങളും ഉപദേശങ്ങളും ആയി വന്നു നിന്നു. അപ്പോൾ ഇനി ഇൻജെക്ഷൻ വേണ്ട ഓറൽ മരുന്ന് മാത്രം മതിയെന്നാണോ എന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചു. ഞാൻ മതിയെന്ന് മറുപടിയും കൊടുത്തു.

എന്റെ മറുപടിയിൽ നീരസം തോന്നിയതു കൊണ്ടാകും റൂമിൽ നിന്നും പുറത്തു പോകുവാൻ നേരം എന്റെ മുഖത്തേക്ക് നോക്കി ഒരു ഡയലോഗ് പറഞ്ഞു, “കുട്ടികളുടെ ചിരിയല്ല പ്രാധാന്യം, അവരുടെ ആരോഗ്യമാണ്…” അന്ന് രാത്രിയിൽ എന്റെ സങ്കടം കണ്ടിട്ടാകും എന്റെ മടിയിൽ ഇരുന്നു അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. ‘അവളുടെ ഈ ചിരിയും എനിക്ക് പ്രധാനമാണ്.’ അപ്പഴേക്കും ഹസ്ബൻഡ് തിരികെ നാട്ടിലെത്തിയിരുന്നു. ഞങ്ങളുടെ ആലോചനയ്ക്ക് ഒടുവിൽ അവളെ തിരുവനന്തപുരത്തുള്ള പ്രശസ്തമായ ഒരു ഹോസ്പിറ്റലിലേക്ക് പോകുവാൻ തീരുമാനിച്ചു. ഡോക്ടറിൽ നിന്നും ഞാൻ ഡിസ്ചാർജ് സമ്മറി വാങ്ങി. അദ്ദേഹം ഒരു സുഹൃത്തു മുഖേന തിരുവനന്തപുരത്തെ ഹോസ്പിറ്റലിലെ neonatologist ന്റെ appointment ലഭിച്ചു. അവിടെ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി. ഡോക്ടറിന്റെ റൂമിലേക്ക് പ്രവേശിച്ചു. അദ്ദേഹം അവളെ പരിശോധിച്ചു, അവളുടെ കഴുത്തിന് മുന്നിലും പിറകിലും തൊട്ടു നോക്കി. അതിനു ശേഷം തിരികെ സീറ്റിൽ വന്നിരുന്നു. അവൾ ഇതുവരെ കഴിച്ചു കൊണ്ടിരുന്നതും ഇപ്പോൾ കഴിച്ചു കൊണ്ടിരിക്കുന്നതുമായ മരുന്നുകളുടെ വിവരണങ്ങൾ പരിശോധിച്ചു. എന്നിട്ടു എന്നോട് രണ്ടു കാര്യങ്ങൾ ചെയ്യുവാൻ പറഞ്ഞു.

ഒന്ന്, എല്ലാ മരുന്നുകളും ഇതോടെ നിർത്തുക. രണ്ട്, പൌഡർ ഉപയോഗം പൂർണ്ണമായും നിർത്തുക. ഞാൻ അതിശയത്തോടെ നോക്കിയപ്പോൾ അദ്ദേഹം പറഞ്ഞു, “നിങ്ങളുടെ കുഞ്ഞിന് യാതൊരു അസുഖവുമില്ല. അവൾക്ക് മൂക്ക് അടഞ്ഞിരിക്കുവാണ്, ശ്വാസം എടുക്കുവാനുള്ള പ്രയാസം കൊണ്ടാണ് ശ്വാസകോശത്തിൽ നിന്നും ഞരക്കം പോലെയുള്ള ശബ്ദം കേൾക്കുന്നത്. ഇത്തരം അവസ്ഥയിൽ അവർക്ക് പാൽ കുടിക്കുവാൻ പ്രയാസകരമാകും. അതുകൊണ്ടു പാൽ കൊടുക്കുന്നതിനു അര മണിക്കൂർ മുൻപ് നേസല്‍ ഡ്രോപ്പ്സ്ഉ പയോഗിക്കുക, അതും കൃത്യമായ ഇടവേളകളിൽ.” സന്തോഷമാണോ അതിശയമാണോ എന്നറിയില്ല ഞാൻ അദ്ദേഹത്തോട് വീണ്ടും വീണ്ടും ചോദിച്ചു, ‘മരുന്നുകൾ ഒന്നും വേണ്ടേ??’ അദ്ദേഹം പറഞ്ഞു, “ഈ മരുന്നുകൾ ഒക്കെ എന്തിനാണ് ഈ കുഞ്ഞിന് കൊടുത്തത് എന്നാണ് ഞാൻ ആലോചിക്കുന്നേ!. പൊടികളുടെയും മറ്റും ഉപദ്രവത്താൽ കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഒരു സാധാരണ പ്രശ്നം മാത്രമാണിത്. നിങ്ങളുടെ മകളുടെ ദേഹത്ത് പൗഡറിന്റെ അംശം എനിക്ക് കാണുവാൻ കഴിഞ്ഞു.” മനസ്സിന്റെ സന്തോഷം എഴുതി അറിയിക്കുവാൻ കഴിയില്ല.

തിരികെ വീട്ടിലെത്തി ആദ്യം തന്നെ പൌഡർ ടിന്നുകൾ ഞാൻ മുറിയിൽ നിന്നും മാറ്റി. കൃത്യമായ ഇടവേളകളിൽ ഞാൻ നേസല്‍ ഡ്രോപ്പ്സ് അവൾക്ക് നൽകി. ഒരുപാട് ദിവസങ്ങൾക്ക് ശേഷം അവൾ വയറു നിറച്ചു പാൽ കുടിച്ചു, അവളുടെ മുഖത്ത് ചിരി നിറഞ്ഞു. അതിനു ശേഷം അവൾക്ക് ഒരിക്കലും അസ്വസ്ഥതകൾ വന്നിട്ടില്ല. എന്റെ രണ്ടു കുഞ്ഞുങ്ങൾക്കും പിന്നീട് ഒരിക്കലും പൗഡർ ഉപയോഗിച്ചിട്ടില്ല.

ഇത് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാൽ, ചില നേരങ്ങളിൽ ഞാൻ ഓർക്കും അവൾ അന്ന് കരഞ്ഞത് വിശന്നിട്ടായിരുന്നല്ലോ എന്ന്. അത് ഓർക്കുമ്പോൾ എല്ലാം എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നും. അതു കൊണ്ടു തന്നെ അവളെ പോലെ മറ്റൊരു കുഞ്ഞും അത്തരം അവസ്ഥയിൽ എത്തരുതെന്നു ഞാൻ ആഗ്രഹിക്കുന്നു. നിസ്സാരമെന്നു തോന്നുന്ന ഒരു വസ്തുവിന്റെ ഉപയോഗം എന്റെ കുഞ്ഞിന് എന്തെല്ലാം സഹിക്കേണ്ടി വന്നു! ചെറിയ അളവ് പൌഡർ പോലും കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിനെ ദോഷകരമായി ബാധിക്കും. എനിക്ക് മെഡിക്കൽ സംബന്ധമായ കൂടുതൽ അറിവുകൾ ഒന്നുമില്ല, എങ്കിലും ആലോചിച്ചാൽ മനസ്സിലാകും പൌഡർ സുഗന്ധം അല്ലാതെ എന്ത് ഗുണമാണ് നൽകുന്നത്.?? കുഞ്ഞുങ്ങളുടെ സ്‌കിന്നിനെ കൂടുതൽ വരണ്ടതാക്കും, സ്കിന്നിന്റെ ശ്വസനത്തെ തടസ്സപ്പെടുത്തും, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നു, അങ്ങനെ ദോഷങ്ങളേറെയും. മറ്റൊരു നാട്ടിലും ഇത്രെയേറെ പൌഡർ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുമെന്ന് ഞാൻ കരുതുന്നില്ല. പൌഡർ പൂശുന്നതിനു വേണ്ടി തൂവലുകൾ പോലെയുള്ള ബ്രഷ് വരെ നമ്മുടെ നാട്ടിൽ വില്പനയ്ക്കുണ്ട്.

വിദേശത്തു താമസം തുടങ്ങിയ നാൾ മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു, ഇവിടെ കടകളിൽ ബേബി പൌഡർ പോയിട്ട് മുതിർന്നവരുടെ പൌഡർ പോലും വില്പനയ്ക്ക് വെച്ച് കാണുന്നത് വിരളമാണ്. ഇവിടെയുള്ള ആരും തന്നെ കുഞ്ഞുങ്ങൾക്ക് പൌഡർ ഉപയോഗിക്കുന്നില്ലെന്നാണ് എന്റെ അറിവ്. ഇവിടെയുള്ള പീഡിയാട്രീഷ്യൻസ് പൌഡർ ഉപയോഗത്തെ പൂർണ്ണമായും എതിർക്കുന്നു. ഈ രാജ്യത്തെ ഒരു പ്രോഡക്റ്റ് ഇവിടെ ഉപയോഗിക്കാതെയും നമ്മുടെ നാട്ടിൽ ധാരാളമായി ഉപയോഗിക്കുന്നതും എനിക്ക് അതിശയം തോന്നുന്നു!. ബേബി പൌഡർ ഉപയോഗം നിർത്തൂ. പാലിന്റെ ഗന്ധം ആകട്ടെ അവരുടെ ശരീരത്തിന്.

NB: ഇതിൽ പറഞ്ഞിട്ടുള്ള ഡോക്ടർമാരുടെ സേവനത്തിനെപ്പറ്റി കൂടുതൽ വിശകലനം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇവിടുത്തെ ഒരു ഡോക്ടറിനോട് ആന്റിബയോട്ടിക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി,
“ആന്റിബയോട്ടിക്കുകൾ ആവശ്യത്തിനല്ല അത്യാവശ്യത്തിനാണ് നൽകേണ്ടത്. ചില അസുഖങ്ങൾ മരുന്ന് കൊടുക്കാതെ തന്നെ തനിയെ മാറേണ്ടതും ശരീരത്തിനു ഗുണകരമാണ്.” എന്നാൽ ആവശ്യം ഏത് അത്യാവശ്യം ഏത് എന്ന് ഒരു ഡോക്ടറിന് മനസ്സിലാക്കാൻ കഴിയുന്നോ, ആ ഡോക്ടറിനെ വിശ്വസിക്കാം. എന്റെ അനുഭവത്തിന്റെ തിരിച്ചറിവിൽ നിന്നും മാത്രം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here