പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷെയ്ന്‍ നിഗം ചിത്രം ഇഷ്‌ക് മെയ് 17 ന് ചിത്രം തിയേറ്ററില്‍ എത്തുകയാണ്. സിനിമക്കാരനായ മകന്റെ സിനിമക്കാരനായ അച്ഛന്റെ ഹൃദയ സ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്. അനുരഞ്ചിന്‌റെ അച്ഛനാണ് കുറിപ്പെഴുതിയത്. കുറിപ്പ് വായിക്കാം: “ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് പയ്യന്നൂര്‍ ശോഭ തീയറ്ററില്‍ നിന്നാണ് ആദ്യ സിനിമ കാണുന്നത്. കാട്ടുതുളസി, കര്‍ഷക തൊഴിലാളിയെന്നോ ഇല്ലങ്ങളിലെ വീട്ടു വേലക്കാരിയെന്നോ നിശ്ചയമില്ലാത്ത തരത്തില്‍ ജോലി ചെയ്തിരുന്ന അമ്മയുടെ തണലിലാണ് നിറപ്പകിട്ടില്ലാത്ത എന്റെ കൂട്ടിക്കാലം കടന്നു പോയത്. സിനിമ കാണണമെന്ന ആഗ്രഹത്തിന് മുന്നില്‍ വാല്‍സല്യത്തിന്റെ തറടിക്കറ്റെടുത്ത് തന്ന അമ്മക്കൊപ്പം ശോഭയില്‍ കാട്ടുതുളസി കണ്ട് സത്യന്റെയും ഉഷാ കുമാരിയുടെയും കഥാപാത്രങ്ങള്‍ക്കൊപ്പം കരഞ്ഞും ചിരിച്ചും കണ്ണീര്‍ തുടച്ചും പുതിയൊരു ലോകത്തിന് മുന്നില്‍ പരിഭ്രാന്തമായി ശൂഭം കണ്ട് തിരികെ വീട്ടിലെത്തിയിട്ടും ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു ഗന്ധര്‍വനീ വഴി വന്നൂ എന്ന പാട്ടും അനുബന്ധ നിഴല്‍ ചിത്രങ്ങളും മനസിലങ്ങനെ കിടന്നു.

മാതമംഗലം വിജയാ ടാക്കീസ് തുറക്കുന്നത് പിന്നീടാണ്. വിജയാ ടാക്കീസിലും സിനിമകള്‍. പയ്യന്നൂര്‍ സുമംഗലിയിലും ശോഭയിലുമായി പില്‍ക്കാലത്തെത്രയൊ സിനിമകള്‍. ലങ്കാദഹനവും സിഐഡി നസീറും ഗന്ധര്‍വ്വ ക്ഷേത്രവും മൂലധനവും അനുഭവങ്ങള്‍ പാളിച്ചകളും തുടങ്ങി സിനിമാസ്വാദനത്തിന്റെ രണ്ടര മണിക്കൂറുകള്‍ എത്രയോ വട്ടം. സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍, പല്ലനയാറ്റിന്‍ തീരത്ത് പത്മ പരാഗ കുടീരത്തില്‍ വിളക്കു വയ്ക്കും യുഗ കന്യകയൊരു വിപ്ലവ ഗാനം കേട്ടൂ തുടങ്ങിയ സിനിമാ പ്രദര്‍ശന മുന്നൊടിയായി ടാക്കീസുകളിലെ കോളാമ്പി മൈക്കുകളില്‍ കേട്ടു വന്ന സ്ഥിരം പാട്ടുകള്‍. സിനിമാസ്വാദനക്കാലം പിന്നീട് ഇരിട്ടിയിലെ ശ്രീകൃഷ്ണ, ന്യൂ ഇന്ത്യ, കല്‍പ്പനാ ടാക്കീസുകളിലേക്ക് കൂടി നീണ്ടതോടെ സിനിമയെന്നത് ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിരുന്നു. തോപ്പില്‍ ഭാസി പടങ്ങള്‍. സത്യന്‍, നസീര്‍ ചിത്രങ്ങള്‍. ഇടതു പക്ഷാശയ സിനിമകള്‍. നവാഗതരുടെ സിനിമകള്‍. അങ്ങിനെ എണ്ണമറ്റ ചലച്ചിത്രങ്ങള്‍. ആസ്വാദനത്തിനപ്പുറം ആധാരമെന്ന സിനിമ കണ്ടപ്പോള്‍ തോന്നിയ നിഗമനങ്ങള്‍ എഴുതി ചിന്ത വാരികക്കയച്ചു. ചിന്ത ആ ആസ്വാദനം അസലായി പ്രസിദ്ധീകരിച്ചു. മറ്റു ചില സിനിമകളുടെ ആസ്വാദനക്കുറിപ്പുകള്‍ കൂടി വെളിച്ചം കണ്ടു.. പിന്നീടൊരിക്കല്‍ ബിന്ദു പണിക്കര്‍ ഇരിട്ടിയില്‍. അവര്‍ സിനിമയില്‍ ചുവട് വെക്കുന്ന കാലം.

ഒരു അഭിമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പില്‍. ഇത്രയുമായാല്‍ എന്റെ സിനിമാ ലോകമായി. മകന്‍ വളരുന്നതിനൊപ്പം സിനിമയും അവന്റെ ചിന്തകളില്‍ വളര്‍ന്നിരുന്നു. ആദ്യകാല അസോസിയേറ്റ് സംരംഭങ്ങള്‍ക്കിടയില്‍ ലൊക്കേഷനുകളിലേക്ക് ഞങ്ങള്‍ മാതാപിതാക്കളെയുമവന്‍ ക്ഷണിച്ചു.പോകാനായില്ല. ബൈസിക്കിള്‍ തീവ്‌സ് സിനിമ ഷൂട്ടിംഗ് ഘട്ടത്തില്‍ കൊച്ചിയിലെത്തി. ഒപ്പം സുഹൃത്ത് പി വിജയനും. ആസിഫലിയെ അപര്‍ണ ഗോപിനാഥിനെ മറ്റ് സിനിമാപ്രവര്‍ത്തകരെയൊക്കെ കണ്ട് സിനിമക്ക് പിന്നിലെ മഹാപ്രയത്‌നങ്ങള്‍ കൂടി അല്‍പ്പാല്‍പ്പം മനസിലാക്കി തിരികെ വന്നു. പിന്നീട് മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ ചിത്രീകരണ ഘട്ടത്തില്‍ തൃക്കാക്കരയിലെ മാളില്‍ ഒരു നാള്‍. മമ്മൂക്കയെയും ഇന്നസെന്റിനെയും ഞാനും ചങ്ങാതി പി വിജയനും കൂളിച്ചെമ്പ്രയിലെ എം അശോകനും കണ്ടു. പാട്ട് ചിത്രീകരിക്കുന്നതായിരുന്നു ബഹളമയമാര്‍ന്ന ലൊക്കേഷനില്‍. സിനിമ കുറെക്കൂടി അരികിലെത്തിയ പോലെ. ഒടുവില്‍ മകന്‍ അനുരാജ് സംവിധായകനായപ്പോള്‍ കുടുംബ സമേതമാണ് ലേക്ക് ഷോര്‍ ഹോസ്പിറ്റല്‍ പരിസര ലൊക്കേഷനില്‍ എത്തിയത്. ഒരു രാത്രി. വെളുത്ത് മെലിഞ്ഞ് നീണ്ട ആ ചെറുപ്പക്കാരനെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി മകന്‍ പറഞ്ഞു:

ഷെയിന്‍. കിസ്മത്തും പറവയും സൈരാ ബാനുവും പരിചയപ്പെടുത്തിത്തന്ന കഥാപാത്രങ്ങളിലൂടെ മനസില്‍ പറഞ്ഞുറപ്പിച്ച മികച്ച നടന്‍. എത്ര മാത്രം വിനയപൂര്‍വമാണ് ഷെയിനും നായിക ആന്‍ ശീതളും ജാഫര്‍ ഇടുക്കിയും ഷൈന്‍ ടോം ചാക്കോയുമൊക്കെ ഞങ്ങള്‍, ഈ വടക്കു നിന്നെത്തിയ സിനിമാ പ്രേക്ഷകര്‍ മാത്രമായ ഞങ്ങളോട് ഹൃദ്യമായി പെരുമാറിയത്. ആ രാത്രിയുടെ കൊടും തണുപ്പിലും ഇഷ്‌കിന്റെ ചിത്രീകരണത്തിലായിരുന്നു അവരെല്ലാം. അതെ. സിനിമ കുറെക്കൂടി നെഞ്ചിലേക്ക് ചേര്‍ന്നടുത്തെത്തുകയാണ്. മകനിലൂടെ, അവന്റെ ആദ്യ സിനിമയാണ് ഇഷ്‌ക്. വെള്ളിയാഴ്ചയാണ് റിലീസ്. അവള്‍, മകള്‍ ശ്യാമിലിയും അവനൊപ്പം ഈ സാഹസിക വഞ്ചി തുഴച്ചിലിന് അവനൊപ്പമുണ്ട് രാപ്പകല്‍. അവള്‍ ചിലപ്പോള്‍ പിആര്‍ഒയെ പോലെ, ഫ്‌ളോര്‍ മാനേജരെ പ്പോലെ, കോഓര്‍ഡിനേറ്ററായി ക്രമം തെറ്റിപ്പോവുന്ന സ്വന്തം ജീവിതക്രമങ്ങളുടെ സിനിമായാതനകളുമായി അനുരാജിനൊപ്പം അതേ മാനസിക സമ്മര്‍ദ്ദങ്ങളെയെല്ലാം അതിജീവിച്ച് ജോലിത്തിരക്കുകള്‍ മാറ്റി വച്ച് കൂടെയുണ്ട്. അവരുടെ മാത്രമല്ല, ഒരു പറ്റമാളുകളുടെ കൂട്ടായ കഠിനാധ്വാനമാണീ സംരംഭം. മറ്റേതൊരു സിനിമയെയും പോലെ തന്നെ. ഇഷ്‌ക് കാണണം. കണ്ട് പ്രോത്സാഹിപ്പിച്ചാലും: മകന്റെ സിനിമ അവന്റെ ഭാവനാ ലോകത്തേക്ക് പറന്നുയര്‍ന്ന് പടരട്ടെ: “ഒരു പൂക്കാലം കണ്‍കളിലാടുന്നു, രാവേതോ വെണ്‍ നദിയാവുന്നു. കിനാവുകള്‍ തുഴഞ്ഞു നാം ദൂരെ, ദൂരെയോ”, സിദ് ശ്രീറാം ജയ്ക്‌സ് ബിജോയിയിലൂടെ പാടുന്നത് മക്കളുടെ ജീവിതം തന്നെയാണ്. നന്മയുണ്ടാവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here