തൃശൂര്‍ കലക്ടര്‍ അനുപമയെ കുറിച്ച നെല്‍സണ്‍ ജോസഫ്‌ എഴുതുന്ന കുറിപ്പ് വായിക്കാം. “കളക്ടർ അനുപമയ്ക്കൊപ്പം ഒരിക്കൽ ക്കൂടി നിൽക്കുകയാണ്. അനുപമ ക്ലിൻസൺ ജോസഫ് തോറ്റു പോയത്രേ. സോഷ്യൽ മീഡിയയിൽ കാണാനിടയായ ഒരു വാചകമാണ്. വിഷം അകത്തു ചെല്ലുമ്പൊ എന്താണോ തോന്നുന്നത് അതു തന്നെയാണ് ആ വാചകം കണ്ടപ്പൊ തോന്നിയത്. ഓക്കാനം. കമലിനെ കമാലുദ്ദീനും വിജയെ ജോസഫ് വിജയും പ്രകാശ് രാജിനെ പ്രകാശ് എഡ്വേഡ് രാജുമായി വിളിക്കണമെന്ന് നിർബന്ധമുള്ളവർ തന്നെയാണ് ആ വിളിയുടെ പിന്നിലുളളത്. പ്രവൃത്തികൾ വിലയിരുത്തുന്നതിനു പകരം പേരു കൊണ്ട്‌ വിഭജിക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പുറത്താക്കിയേ പറ്റൂ

സ്വന്തം ജോലി കൃത്യമായി സത്യസന്ധമായി ചെയ്യാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെന്നാണ് കളക്ടർ അനുപമ ഐ.എ.എസിനെക്കുറിച്ചുള്ള അഭിപ്രായം. അത് ഒരു തൃശൂർ പൂരം കൊണ്ട് ഉണ്ടായ അഭിപ്രായമല്ല. രണ്ടായിരത്തി പതിനാലു ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണറായിരുന്നപ്പൊ പതിനഞ്ച് മാസം കൊണ്ട് ആറായിരത്തിലധികം ഭക്ഷണ സാമ്പിളുകൾ റാൻഡം സാമ്പിളിങ്ങ് നടത്തി നടപടി സ്വീകരിച്ച കളക്ടർ അനുപമയെ ഒരുപക്ഷേ മേൽപ്പറഞ്ഞ കക്ഷികൾക്ക് അറിവുണ്ടായിരിക്കില്ല.

പ്രളയത്തിൻ്റെ സമയത്ത് തൻ്റെ അധികാരം കൃത്യമായുപയോഗിച്ച് ജനത്തിന് വേണ്ട സഹായം വേണ്ട വിധത്തിലെത്തിച്ച കളക്ടർ അനുപമയെയും ഓർമിക്കാനിടയില്ല. രാഷ്ട്രീയം, അധികാരം തുടങ്ങിയ വേർതിരിവുകളൊന്നും നിയമം നടപ്പാക്കാൻ ശ്രമിക്കുന്നതിൽ അവരുടെ മുന്നിൽ വിലങ്ങു തടിയായിട്ടില്ലെന്ന് മുൻ വാർത്തകൾ പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. അന്നൊന്നും പക്ഷേ അനുപമ ക്ലിൻസൺ ജോസഫെന്ന് അവരെ ആരും വിളിച്ചതായി ഓർമയില്ല. ചെറിയ ശബ്ദം കേട്ടാൽ പോലും വിരളുന്ന അസ്വസ്ഥതയുള്ള ആനയെ കൊണ്ടു പോയി തൃശൂർ പൂരം പോലെ ആളു കൂടുന്ന ഒരു ഇവൻ്റിൻ്റെ നടുക്ക് നിർത്തുന്നതും കതിന കൂട്ടിയിട്ടിട്ട് അതിനു മുകളിലിരുന്ന് ബീഡി വലിക്കുന്നതും ഏതാണ്ട് ഒരുപോലെയാണ്. അങ്ങനെ അപകടം വിളിച്ചു വരുത്തേണ്ടെന്ന് തീരുമാനമെടുക്കാനും ആരൊക്കെ എതിർത്താലും സ്ഥിര ബുദ്ധിയും ധൈര്യവും ഒന്നിച്ചുള്ള ഒരുദ്യോഗസ്ഥയ്ക്ക് കഴിയും. കഴിയണം. അത്രയേ അവർ ചെയ്തുള്ളൂ.

സ്പെസിഫിക്കായി ഒരു ആനയ്ക്ക് മാത്രമല്ല വിലക്കെന്നും മദപ്പാടും മറ്റ് ശാരീരികാസ്വാസ്ഥ്യങ്ങളുമുള്ള ആനകൾക്ക് തൃശൂർ നഗരത്തിനുള്ളിൽ പ്രവേശനാനുമതിയില്ലെന്നും അവർ വ്യക്തമാക്കിയതാണ്. തൃശൂർ പൂരത്തിനെതിരാണവർ എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതും വാസ്തവ വിരുദ്ധമാണ്. പൂരം സുഗമമായും സുരക്ഷിതമായും നടക്കാനൂള്ള ക്രമീകരണങ്ങൾ ഓരോന്നായി അവർ വിശദീകരിച്ചതും നമ്മൾ കണ്ടതാണ്. പൂരം കലക്കാനാണെങ്കിൽ അത്ര ബുദ്ധിമുട്ടേണ്ടതില്ലല്ലോ. അപ്പോൾ വ്യക്തമാണ്. അവരുടെ ജോലി അവർ വൃത്തിയായി ചെയ്യുന്നുണ്ട്.

പക്ഷേ അവർ പൂരത്തിനെതിരാണെന്നും അതിനു കാരണം ഇന്നലെ വരെ ആരും നോക്കാത്ത അവരുടെ ഭർത്താവിൻ്റെ പേരാണെന്നുമൊക്കെ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവരുടെ, ഓക്കാനമൂണ്ടാക്കുന്നവരുടെ ലക്ഷ്യം വേറെയാണ്. ഇവിടെ ആരെങ്കിലും തോൽക്കുന്നുണ്ടെങ്കിൽ അത് ഒരുകൂട്ടമാളുകൾക്കുവേണ്ടി ബൈപാസ് ചെയ്യുന്ന നിയമമാണ്. ഒരു ജനാധിപത്യ രാജ്യത്ത് നിയമം തോൽക്കുന്നത് ഒരു നല്ല സൂചനയല്ല. സ്ഥാപിത താല്പര്യങ്ങളുമായി സമൂഹത്തിൽ നുണ പ്രചരിപ്പിച്ച് അസ്വസ്ഥതയുണ്ടാക്കുന്നവർക്ക് ഇവിടെ ഇടം കൊടുത്താൽ ഇനി തോൽക്കാൻ പോവുന്നത് നമ്മളെന്ന ജനതയുമായിരിക്കും. അങ്ങനെ തോൽക്കാതിരിക്കാൻ കളക്ടറെപ്പോലെയുള്ളവർ കുറച്ചുപേരെങ്കിലും ഇവിടെയുണ്ടാവണം.

LEAVE A REPLY

Please enter your comment!
Please enter your name here