കെഎസ്ആർടിസിയുടെ സ്‌കാനിയ ബസ്സിന്‌ ഈ സ്‌കൂളിൽ എന്താ കാര്യം? ഒറ്റ നോട്ടത്തിൽ ഈ കാഴ്ച കണ്ടാൽ ആരും ഇങ്ങനെ കരുതിപ്പോകും. കാഴ്ചക്കാരിൽ അത്ഭുതവും അമ്പരപ്പും പടർത്തിയ ഈ ദൃശ്യം ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആരൊക്കെയോ ചിത്രങ്ങൾ പകർത്തി ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതോടെയാണ് കാര്യം പുറംലോകമറിയുന്നത്. “നാളെ ചിലപ്പോ മരത്തിലിടിച്ച KSRTC ബസെന്നും പറഞ്ഞു വാട്‌സാപ്പിൽ വന്നേക്കാം..” എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഓരോ നിയോജക മണ്ഡലത്തിലെയും ഓരോ സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിന്റെ ഭാഗമായാണ് പൊതു വിദ്യാലയ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഈ സ്‌കൂളിന് 5 കോടി രൂപ ലഭിച്ചത്. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽനിന്ന‌് പാഠ്യപാഠ്യേതരമായ മികവ്‌ കൊണ്ടും ചരിത്ര പശ്ചാത്തലം കൊണ്ടും മാതൃകയും ഉന്നത പഠനനിലവാരം കാത്ത്‌ സൂക്ഷിക്കുന്നതുമായ സ്കൂളിനെ അഡ്വ. ബി സത്യൻ എംഎൽഎയാണ‌് തെരഞ്ഞെടുത്തത്‌.ഇതുപ്രകാരം സ്‌കൂളിന് ഇപ്പോൾ പുതിയ ഭാവങ്ങൾ കൈവന്നിരിക്കുകയാണ്.

ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1912 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ ചിറയിന്‍കീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങല്‍. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയര്‍ ഗ്രേഡ് സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്.

ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴില്‍ ഒരു ഇംഗ്ലീഷ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ഈ സ്ക്കൂള്‍ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ദിവാന്‍ ഉത്തരവിട്ടു..

പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു.

ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്. .

ചിത്രങ്ങൾ : ആകാശ്, രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here